Wednesday, August 15, 2007

2007 ആഗസ്റ്റ് 10

2006 ജൂലൈ 10 - അന്നാണ് ഞാന്‍ ശിവാജി നഗറിലെ ഡി.ബി.എസ് എന്ന കെട്ടിടത്തില്‍ ആദ്യമായി കാലു കുത്തിയ ദിവസം. വിരസമായ ജോലികള്‍ ചെയ്യാന്‍ വിധിക്കപ്പെട്ട ഒരു കമ്പ്യൂട്ടര്‍ എഞ്ചിനീയരായിരുന്നു ഞാന്‍ അന്നു വരെ. ചെയ്ത ജോലികളില്‍ ഒട്ടും ആത്മാര്‍ത്ഥതക്കുറവു കാണിക്കാതിരുന്നതിനാലാവണം ഒരു ചെറിയ സമ്മാനമായി അല്പം കൂടി മെച്ചപ്പെട്ട ജോലി ഏല്‍പ്പിച്ചു കളയാം എന്ന് കമ്പനി തീരുമാനിച്ചത്. ഞാന്‍ ഭയത്തൊടെയാണ് ആ തീരുമാനം ശ്രവിച്ചത്. മലയാളിയായ ജോസഫ് ആണ് എന്നോട് ഈ ഒരു മാറ്റത്തെക്കുറിച്ച് പറഞ്ഞത്. അതു വരെ ചെയ്തു കൊണ്ടിരുന്ന ജോലിയില്‍ ഞാന്‍ പ്രാവീണ്യം നേടി വരുന്നതേ ഉണ്ടായിരുന്നുള്ളു. ഇനി പുതിയ ഒരു ജോലി - അല്പം ആത്മവിശ്വാസക്കുറവു തോന്നി. എങ്കിലും കമ്പനിയുടെ ഉത്തരവ് കൈപ്പറ്റാന്‍ തന്നെ തീരുമാനിച്ചു. അതിന്റെ ഫലമായി ഞാന്‍ ഡി.ബി.എസില്‍ എത്തി. ആഹാര-യാത്രാ ചെലവുകള്‍ക്കായി 2000 രൂപ അധികം ലഭിക്കുമെന്നതും അല്പം സന്തോഷം നല്‍കി.60 പേര്‍ അടങ്ങുന്ന ഒരു സംഘത്തോടൊപ്പമാണ് ഞാന്‍ ആദ്യം ജോലി ചെയ്തിരുന്നത്. ചെയ്യുന്ന ജോലിക്ക് തക്കതായ അംഗീകാരം കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ് അവിടെ. ഡി.ബി.എസില്‍ ഞങ്ങളുടെ ടീമില്‍ 12 പേരെ ഉണ്ടായിരുന്നുള്ളൂ. പഴയ ജോലിസ്ഥലത്തേക്കാള്‍ സ്വാതന്ത്ര്യവും ഡി.ബി.എസില്‍ കിട്ടുമെന്ന് ഞാന്‍ മനസിലാക്കി. അധികം ജോലിഭാരമില്ല. ടീം അംഗങ്ങള്‍ക്കിടയിലെ ആഴത്തിലുള്ള സൌഹൃദം, ഇടക്കിടെ ഒന്നിച്ചുള്ള വിനോദയാത്രകള്‍, സിനിമകള്‍, ആഹാരം - എല്ലാം കൊണ്ടൂം ഞാന്‍ പുതിയ ഒരു ലോകത്താണ് എത്തിപ്പെട്ടത്. ആ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍ ഞാനായിരുന്നു. തമിഴും മലയാളവും അല്പം കൈകാര്യം ചെയ്യാനറിയാവുന്ന ഹരി എന്നെ കുട്ടി എന്നാണ് വിളിച്ചു തുടങ്ങിയത്. ക്രമേണെ മറ്റുള്ളവരും അങ്ങിനെ തന്നെ വിളിക്കാന്‍ തുടങ്ങി. വല്ലപ്പോഴും മാത്രം വരുന്ന ഇ-മെയിലുകളും ഫോണ്‍ കോളുകളുമാണ് എന്റെ പേരു മറക്കാതിരിക്കാന്‍ എന്നെ സഹായിച്കത്!എന്റെ ക്യുബിക്കിള്‍ - എനിക്ക് പ്രിയപ്പെട്ടതാണ്. എന്റെ കൂടെ എന്റെ ചുറ്റിലും മൂന്നു മഹാരഥന്മാരാണ് ആ ക്യുബിക്കിളില്‍. ഹരി(എന്നെ കുട്ടി എന്നാദ്യം വിളിച്ചയാള്‍), മുരളി പിന്നെ സുരേഷ്. അവര്‍ എല്ലാവരും അവിടെ ജോലി ചെയ്യാന്‍ തുടങ്ങിട്ട് അഞ്ചിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞതാണ്. ആ ക്യുബിക്കിളും, ഡി.ബി.എസ് എന്ന കെട്ടിടവും ഇന്നു എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഞങ്ങളുടെ ടീം ആ കെട്ടിടത്തോട് ഇന്നു യാത്ര പറഞ്ഞു.

വികാരപരമായ ഒരടുപ്പം എനിക്കു ഡി.ബി.എസിനോട് തോന്നിയിട്ടുണ്ട്. ചെയ്ത ജോലിക്കുള്ള അംഗീകാരമായി ഒരു പ്രശംസാ പത്രവും കുറെ അധികം ബുക്കുകളും ആദ്യമായി കിട്ടിയത് ആ‍ കെട്ടിടത്തില്‍ വച്ചാണ്. ഇക്കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ ഞാന്‍ ജീവിതത്തിലാദ്യമായി ഒരു പിറന്നാള്‍ കേക്കു മുറിച്ചതും ആ കെട്ടിടത്തില്‍ വച്ചാണ്. പിറന്നാള്‍ ദിനത്തില്‍ എന്നെ പ്രതീക്ഷിച്ച് അങ്ങിനെ ഒരു കേക്ക് കാത്തിരിപ്പുണ്ട് എന്നു ഞാന്‍ നിനച്ചില്ല. ഞാന്‍ പോലും എന്റെ പിറന്നാള്‍ മറന്നു പോയിരുന്നു. അവരുടെ ആ സ്നേഹം കണ്ട് കണ്ണു നിറഞ്ഞത് മറ്റുള്ളവരെ അറിയിക്കാതിരിക്കാന്‍ ഞാന്‍ ഒത്തിരി പ്രയാസപ്പെട്ടു. കമ്പനിയിലെ എല്ലാ ജീവനക്കാരും ഒപ്പു വച്ച ഒരു ആശംസാ കാര്‍ഡും കൈപ്പറ്റിയത് അവിടെ വച്ചാണ്. ജീവിത്തില്‍ ആദ്യമായി കിട്ടുന്ന ഒരു ആശംസാ കാര്‍ഡായിരുന്നു അത്. ഇന്നും ഞാന്‍ അത് ഒരു നിധി പോലെ സൂക്ഷിക്കുന്നുണ്ട്. ഓര്‍ക്കുട്ടിലെ സൌഹൃദങ്ങള്‍ നേടുന്നതും ആ ക്യുബിക്കിളില്‍ ഇരുന്നാണ്. കൊച്ചു കൊച്ചു പിണക്കങ്ങളും തെറ്റിദ്ധാരണകളും അതിലേറെ സന്തോഷവും നല്‍കിക്കൊണ്ട് നിരവധി സുഹൃത്തുക്കള്‍ ജീവിത്തിലേക്ക് കടന്നു വന്നത് ആ കെട്ടിടത്തിന്റെ ഉള്ളിലുള്ള ചെറിയ മേശപ്പുറത്തിരിക്കുന്ന എന്റെ കമ്പ്യൂട്ടര്‍ വഴിയാണ്. പാഴ്വസ്തുക്കള്‍ എന്തു കിട്ടിയാലും അത് എന്റെ മേശപ്പുറത്ത് കൊണ്ടു വയ്ക്കുക എന്നത് ഹരിയുടെ ഒരു വിനോദമാണ്. വക്കു പൊട്ടിയ ചായക്കോപ്പകളും തേഞ്ഞു തീരാറായ പെന്‍സിലുകളും വെള്ളക്കുപ്പികളും നിറം മങ്ങിയ ചിത്രങ്ങളും കേടായ ചെറിയ മോട്ടോറുകളും ഉപയോഗശൂന്യമായ സി.ഡികളും പല നിറത്തിലുള്ള സ്റ്റിക്കറുകളും ബിസ്കറ്റു കൂടുകളും അസംഖ്യം പുസ്തകങ്ങളും എന്നു വേണ്ട കണ്ണില്‍ കണ്ടതെല്ലാം എന്റെ മേശപ്പുറത്തു നിക്ഷേപിക്കലായിരുന്നു ഹരിയുടെ പ്രധാന പരിപാടി. ഞാന്‍ ഒന്നും എടുത്തു കളയാന്‍ പോയില്ല. അവയ്ക്കുടയില്‍ ഇരിക്കുമ്പോള്‍ എനിക്കു വല്ലാത്ത ഒരു സുരക്ഷിതത്വ ബോധം ഉണ്ടായിരുന്നു. ഹരി എല്ലാ അര്‍ത്ഥത്തിലും എന്റെ ഏട്ടനായി മാറിക്കഴിഞ്ഞിരുന്നു.

രാവിലെ ശിവാജി നഗര്‍ ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങുന്ന ഞാന്‍ രാം പ്രസാദ് വെജിറ്റേറിയനില്‍ നിന്നാണ് പ്രാതല്‍ കഴിച്ചിരുന്നത്. ചിലപ്പോള്‍ ഇഡലിയും ഉഴുന്നു വടയും, അല്ലാത്തപ്പോള്‍ പൂരി മസാല. കാപ്പി ഇവയ്ക്കു അകമ്പടി സേവിക്കുമായിരുന്നു. മേശ തുടയ്ക്കുന്ന പയ്യന്‍ എന്നും എന്നെ നോക്കി ചിരിക്കുമായിരുന്നു. കഷ്ടിച്ചു 10 വയസ് കാണും അവന്. ഒരിക്കല്‍ പാത്രം എടുത്തു മാറ്റുന്നതിനിടയില്‍ കൈ തട്ടി കുറെ സാമ്പാര്‍ എന്റെ പാന്റ്സില്‍ വീണു. ഭീതിയോടെ അവന്‍ ചുറ്റും നോക്കി. എവിടുന്നോ കിട്ടിയ ഒരു മുഷിഞ്ഞ തുണി നനച്ചു കൊണ്ടു വന്ന് അവന്‍ എന്റെ ദേഹത്തു വീണ സാമ്പാര്‍ തുടച്ചു കളയാന്‍ ശ്രമം നടത്തി. ഭാഗ്യത്തിനു ആരും അവനെ വഴക്കു പറഞ്ഞില്ല. എനിക്കും വാത്സല്യമാണ് അവനോട് തോന്നിയത്. ഇടക്കൊക്കെ കാപ്പി കുടിച്ചു തീരും മുന്നെ അവന്‍ ഗ്ലാസ് എടുത്തു കൊണ്ടു പോയ്ക്കളയും. ഞാന്‍ ഒരിക്കല്‍ അവനെ ഒന്നു ഇരുത്തി നോക്കി. അതില്‍ പിന്നെ അവന്‍ അത്രയും ധൃതി കാണിച്ചിട്ടില്ല. നിത്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞ ആ റെസ്റ്റോറന്റിനോടും ഇന്നു ഞാന്‍ വിട പറഞ്ഞു.ഉച്ചക്ക് ഞങ്ങള്‍ക്കു ഊണു കൊണ്ടു തന്നിരുന്നത് ഒരു പാവം ചേച്ചിയായിരുന്നു. അവരുടെ പേരു ചോദിക്കാന്‍ ഇന്നലെയും ഞാന്‍ മറന്നു പോയി. ഡബ്ബകളിലാക്കിയാണ് അവര്‍ ചോറു കൊണ്ടുവന്നിരുന്നത്. വെള്ളയരിയുടെ ചോറ്, സാമ്പാര്‍, പരിപ്പ്, രസം, പപ്പടം,തൈര്, ചപ്പാത്തിയും അതിനുള്ള കറി എന്നിവ അറ്റങ്ങുന്നതായിരുന്നു ആ ഡബ്ബ. ചമ്പാവരി ചോറു തിന്നു ശീലിച്ച എനിക്ക് താലി മീത്സ് ആദ്യമൊന്നും രുചിച്ചില്ല. പിന്നെ അതു ശീലമായി മാറി. അവരുടെ കൂടെ ഒരു ചെറിയ പെണ്‍കുട്ടിയും ഇടക്കൊക്കെ വരുമായിരുന്നു. അതിശയവും ആകാംക്ഷയും നിഴലിക്കുന്ന കണ്ണുകളോടെയാണ് അവള്‍ കോര്‍പ്പറേറ്റ് ലോകത്തെ മനുഷ്യരെ നോക്കിയത്. ഇന്നലെ അവരുടെ ഡബ്ബ വിതരണത്തിന്റെ അവസന ദിനമായിരുന്നു. അവസാന ഡബ്ബയും തിരികെ വാങ്ങുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഞാന്‍ കണ്ടു. വൈകുന്നേരങ്ങളിലെ സ്നാക്സ് ടൈമും ഇനി ഉണ്ടാവില്ല. പിസ ഹട്ടും കോഫീ ഡേയും സ്വീറ്റ് ചാരിയറ്റും നിസര്‍ഗ ഗാര്‍ഡനുമെല്ലാം ഓര്‍മകളില്‍ മാത്രം അവശേഷിക്കും. ഇന്‍ഡ്യന്‍ എക്സ്പ്രസ് ബസ് സ്റ്റോപ്പില്‍ കപ്പലണ്ടിക്കച്കവടം നടത്തുന്ന തമിഴനേയും വലിയ വായില്‍ നിലവിളിക്കാ‍നും പട്ടികളെ ഉപദ്രവിക്കാനും മാത്രമറിയുന്ന അയാളുടെ മകനേയും ഞാന്‍ ഇനി കണ്ടു എന്നു വരില്ല.

ഇന്നു സാധനങ്ങള്‍ എല്ലാം പൊതിഞ്ഞു കെട്ടി. അത്യാവശ്യമുള്ള പുസ്തകങ്ങളും, ഫയലുകളും, കമ്പ്യൂട്ടറും എല്ലാം പായ്ക്ക് ചെയ്തു. ഹരി പെറുക്കി കൂട്ടിയ പാഴ്വസ്തുക്കള്‍ എന്നെ നോക്കി ചിരിക്കുന്നതു പോലെ തോന്നി. അവ പുറത്തു കൊണ്ടു പോകുവാന്‍ എനിക്കനുവാദമില്ല. വക്കു പൊട്ടിയ ചായക്കോപ്പകളും ഡസന്‍ കണക്കിനു വെള്ളക്കുപ്പികളും മറ്റു വസ്തുക്കളും അവിടെ തന്നെ ഉപേക്ഷിക്കേണ്ടി വന്നു. അനുവാദമില്ലാതെ എടുത്തു കൊണ്ടു പോരാവുന്ന മധുരതരവും കയ്പ്പേറിയതുമായ സ്മരണകള്‍ ഞാന്‍ കൂടെ കൊണ്ടു വന്നു. അവ ചിലപ്പോള്‍ ഓര്‍മകളുടെ ആഴത്തിലേക്കും പിന്നീട് മറവിയുടെ അഗാധതയിലേക്കും മറഞ്ഞേക്കും. എന്നിരുന്നാലും കുറെ കാലം എനിക്കു കൂട്ടായി ആ നല്ല നാളുകളുടെ ശേഷിപ്പുകള്‍ ഉണ്ടായിരിക്കും. പായ്ക്കിംഗ് എല്ലാം കഴിഞ്ഞു ഇന്നു നേരത്തെ തന്നെ ജോലി സ്ഥലത്തു നിന്നും വീട്ടിലേക്കു തിരിച്ചു. അപ്പോള്‍ പള്ളിക്കൂടം വിടുന്ന സമയമേ ആയിരുന്നുള്ളു. ഒരര്‍ത്ഥത്തില്‍ പള്ളിക്കൂടം കഴിഞ്ഞു വരുന്ന കുരുന്നുകളെയും മറ്റും കണ്ടിട്ട് നാളേറെ കഴിഞ്ഞിരുന്നു. നാലു ചുമരുകള്‍ക്കുള്ളിലായി ജീവിതം തളക്കപ്പെടുകയാണ്. പാവാടയും ഉടുപ്പും ധരിച്ച എല്‍.പി. സ്കൂള്‍ കുഞ്ഞുങ്ങള്‍ കൌതുകത്തോടെ ലോകത്തെ വീക്ഷിച്ചു കലപില സംസാരിച്ചു കൊണ്ട് ഓടിപ്പോകുന്ന കാഴ്ച ഞാന്‍ എന്നേ മറന്നു കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്നു ഞാന്‍ അത്തരം കുറെ കുട്ടികളെ കണ്ടു. ശിവാജിയുടെ പോസ്റ്ററിലെ രജനിയെ പോലെ അംഗവിക്ഷേപങ്ങള്‍ കാണിക്കുന്ന കുരുന്നു വികൃതികളെയും കണ്ടു. ലോകം വെട്ടിപ്പിടിക്കാനുള്ള യാത്ര അല്ലെങ്കില്‍ പോലും ഒരു തരം പരക്കം പാച്ചിലായി മാറിക്കഴിഞ്ഞിരിക്കുന്നു ഈ ജീവിതം. അതിനിടയില്‍ പലതും കാണാതെ ആസ്വദിക്കാനാവാതെ പോകുന്നു. മുറികളുടെ ചുവരുകള്‍ക്കപ്പുറമുള്ള ലോകം എത്ര വിശാലമാണ്. അതെനിക്ക് അന്യമാകുന്നതു പോലെ.

ലഗേജ് ഓട്ടോയില്‍ എത്തിച്ചു കൊടുത്ത കാവല്‍ക്കാരന് സന്തോഷത്തോടെ പത്തു രൂപ നീട്ടുന്ന സ്തീ, അതു മടിച്ചു മടിച്ചു വാങ്ങുന്ന കാവല്‍ക്കാരന്‍. കല്‍ക്കട്ടയില്‍ നിന്നും ബാംഗ്ലൂര്‍ക്ക് സ്ഥലം മാറ്റം കിട്ടി വന്ന കണ്ണൂരുകാരന്‍ ഹരിദാസന്‍ ചേട്ടന്‍, അദ്ദേഹത്തിന്റെ ചിന്താ ഭാരങ്ങള്‍, ആരെയും ശ്രദ്ധിക്കാതെ ഇയര്‍ ഫോണും തിരുകി പാട്ടും ആസ്വദിച്ച് യാത്ര ചെയ്യുന്ന പ്രൊഫഷണലന്മാര്‍, കുഞ്ഞുങ്ങളെ ഭിക്ഷയെടുക്കാനായി വാടകയ്ക്കു നല്‍കുന്ന ഏജന്റുമാര്‍ - എത്രയെത്ര കാഴ്ചകളാണ് ശിവാജി നഗര്‍ മുതല്‍ ഞാന്‍ താമസിക്കുന്ന ഇടം വരെയുള്ള യാത്രകളില്‍ കാണാനായത്.

ഇനിയും കാണാകാഴ്ചകളുടെ വിസ്മയ ലോകത്തു ഞാന്‍ യാത്ര തുടരും. അത്തരം കാഴ്ചകളുടെ വിവരണവുമായി ഞാന്‍ നിങ്ങളെ വീണ്ടും ശല്യം ചെയ്യും

കഥയില്ലാത്തവന്‍റെ കഥ

എന്റെ പേര് വികാസ് എന്നു തന്നെ...കഴിഞ്ഞ തവണ പറഞ്ഞതില്‍ നിന്നും മാറ്റം ഇല്ല.ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി രണ്ട് ഏപ്രില്‍ 18 ന് മൂവാറ്റുപുഴയില്‍ ജനിച്ചു.അന്നു മേട മാസത്തിലെ അവിട്ടം ആയിരുന്നു.എന്റെ അച്ഛന്‍ വേണുഗോപാല്‍, അമ്മ ഗീത - രണ്ടു പേരുടേയും തറവാട് തിരുവല്ലയുടെ സമീപ പ്രദേശങ്ങളില്‍ ആണ്. മുത്തശ്ശന്‍ വില്ലേജ് ഓഫീസര്‍ ആയിരുന്നു. സ്ഥലം മാറ്റം കിട്ടി കിട്ടി ഒടുവില്‍ പായിപ്രയില്‍ എത്തി സ്ഥിരതാമസമാക്കിയതാണ്.അച്ഛന്‍ കുറെ നാള്‍ ഒമാനില്‍ ആയിരുന്നു. ചെറുപ്രായത്തില്‍ അച്ഛനെ കാണാന്‍ രണ്ടും മൂന്നും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. ഇടക്കു കുറെ നാള്‍ അമ്മ വീട്ടില്‍ ആയിരുന്നു താമസം - ഏതാണ്ട് 3 വര്‍ഷത്തോളം.അമ്മയുടെ വീട് വെണ്ണിക്കുളം എന്ന സ്ഥലത്താണ് - അറയും പുരയും എല്ലാം ഉള്ള പുരാതനമായ ഒരു വീട്. മണിമലയാര്‍ ഒഴുകുന്നത് അതിനു ചേര്‍ന്നാണ്. നല്ല മഴക്കാലത്ത് പുഴ കര കവിഞ്ഞൊഴുകും. തൊടിയിലെല്ലാം വെള്ളം കയറും. അപ്പോള്‍ വാഴത്തട കൊണ്ട് ചങ്ങാടങ്ങള്‍ ഉണ്ടാക്കി ഞാനും അമ്മാവനും കൂടി തുഴഞ്ഞ് രസിച്ചിരുന്നു. പിന്നെ അമ്മയുടെ അച്ഛന്‍ - പഞ്ഞി പോലെ വെളുത്ത താടിയുള്ള എന്റെ അപ്പൂപ്പന്‍ - ആയിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. അന്നെനിക്ക് 6 വയസ് മാത്രം. അപ്പൂപ്പന് ഒരു ചെറിയ കട ഉണ്ടായിരുന്നു. അവിടെ നിന്ന് ഒരിക്കല്‍ ഞാന്‍ ഒരു ബീഡി മോഷ്ടിച്ചു വലിച്ചു. അമ്മ അതു കണ്ടുപിടിച്ചു. പുരയുടെ തെക്കെ അതിരില്‍ നിന്ന പുളിയുടെ ചില്ല ഊര്‍ത്തിയെടുത്ത് അമ്മ എന്നെ ഒത്തിരി തല്ലി. അന്നത്തോടെ പുകവലിയോടുള്ള കമ്പം തീര്‍ന്നു.എനിക്ക് രണ്ട് സഹോദരിമാര്‍ ആണ്. അതില്‍ വിനീത മാത്രമേ അന്നു എന്റെ കൂടെ അമ്മ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ലക്ഷ്മി ജനിക്കുന്നത് ഞങ്ങള്‍ പായിപ്രയില്‍ തിരിച്ചെത്തിയതിനു ശേഷമാണ്. ലക്ഷ്മി എല്ലാവരുടേയും വാത്സല്യ ഭാജനം ആണ്. അച്ഛന്‍ അവളെ മാത്രമെ വഴക്ക് പറയാതെയുള്ളൂ. എന്നെയും അച്ഛന്‍ ഒരിക്കലെ തല്ലിയിട്ടുള്ളൂ - അച്ഛന്‍ അറിയാതെ കാലാപാനി എന്ന ചിത്രം കാണാന്‍ പോയതിന്! അതിനു മുന്‍പും അതിനു ശേഷവും അച്ഛന്‍ അറിയാതെ ഒത്തിരി പടങ്ങള്‍ കാണാന്‍ പോയിട്ടുണ്ട്. അന്നു മാത്രമെ തല്ല് തന്നുള്ളൂ.

കുഞ്ഞ് പ്രായത്തില്‍ എനിക്കൊത്തിരി സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. പക്ഷെ ഏഴാം തരത്തില്‍ എത്തിയപ്പോള്‍ ഞാന്‍ വല്ലാതെ അന്തര്‍മുഖനായി മാറി. ആരോടും അധികം സംസാരിക്കില്ലായിരുന്നു അന്നൊക്കെ. വിദ്യാഭ്യാസം സാ‍മാന്യം തരക്കേടില്ലാതെ നടക്കുന്നുണ്ടായിരുന്നു. പിന്നെ കമ്പം ക്രിക്കറ്റ് കളിയോടായിരുന്നു. വല്ലാത്ത ഭ്രാന്തായിരുന്നു അതിനോട്. അവധി ദിനങ്ങളില്‍ വീട്ടുകാര്‍ക്ക് എന്നെ കാണാന്‍ കിട്ടില്ലായിരുന്നു.മുത്തശന്‍ കര്‍ണാടക സംഗീതത്തില്‍ കൈവെച്ചിട്ടുള്ള ആളാണ്. അച്ഛനും വലിയ സംഗീത കമ്പക്കാരന്‍ ആണ്. അച്ഛന്റെ കൈയില്‍ ധാരാളം കസെറ്റുകള്‍ ഉണ്ട്. ഗ്രാമഫോണ്‍ റെക്കോര്‍ഡുകളും ഉണ്ട്. അങ്ങിനെയാണ് ചലച്ചിത്ര സംഗീതം എന്ന മായിക പ്രപഞ്ചത്തിലേക്ക് ഞാന്‍ ആകൃഷ്ടനാകുന്നത്.എന്നാല്‍ എന്റെ അപകര്‍ഷതാബോധം എന്നെ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നതില്‍ നിന്നും എന്നെ തടഞ്ഞു. മുത്തശന്‍ ക്ലാസ്സ് എടുക്കുമായിരുന്നു. പക്ഷേ ഞാന്‍ ആ വഴിക്ക് പോകില്ലായിരുന്നു. പിന്നെ കുറച്ചു നാള്‍ വയലിന്‍ പഠിക്കാന്‍ പോയി. എങ്ങും എത്തിയില്ല. എങ്കിലും പാട്ടുകള്‍ എന്റെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്നു.എന്റെ സിനിമാ കമ്പം തുടങ്ങുന്നത് ഞാന്‍ ഏഴില്‍ പഠിക്കുമ്പോഴാണ്. മിക്ക അവധി ദിവസങ്ങളിലും മാറ്റിനി കാണാന്‍ പോകുമായിരുന്നു. അന്നൊക്കെ അടിയും ഇടിയും ഉള്ള പടങ്ങള്‍ ആയിരുന്നു താല്പര്യം. ബാബു ആന്റണി കത്തി നില്‍ക്കുന്ന സമയം ആയിരുന്നു!വീട്ടില്‍ വി.സി.ആര്‍ വാങ്ങുന്നത് ആ ഇടയ്ക്കാണ്. ടി.വി.യും അത്ര നാള്‍ വീട്ടില്‍ ഇല്ലായിരുന്നു. ഇതു രണ്ടും വന്നതിനു ശേഷമാണു സിനിമയെ ഗൌരവത്തൊടെ കാണാന്‍ തുടങ്ങിയത്. പത്താം തരത്തില്‍ എത്തുമ്പോള്‍ ഞാന്‍ പപ്പേട്ടന്റെയും ഭരതന്റേയും സിനിമകളുടെ ആരാധകന്‍ ആയി മാറി. പത്താം തരം ഉയര്‍ന്ന മാര്‍ക്കു വാങ്ങി തന്നെ ജയിച്ചു. പിന്നെ നിര്‍മല കോളേജില്‍ പ്രീ ഡിഗ്രിക്ക് ചേര്‍ന്നു. എട്ട് വര്‍ഷം നീണ്ട ഒരു കലാലയ ജീവിതം അവിടെ തുടങ്ങി. എട്ട് വര്‍ഷവും നിര്‍മലയില്‍ തന്നെ. പ്രീ ഡിഗ്രി തരക്കേടില്ലാതെ ജയിച്ചു. പക്ഷെ എന്‍ട്രന്‍സ് പരീക്ഷ ജയിച്ചില്ല. ഒത്തിരി പണം മുടക്കി കോച്ചിംഗിനൊക്കെ പോയതാണ്. പിന്നെ ബി.എസ്.സി - ഗണിതശാസ്ത്രം തന്നെ പയറ്റി. അവിടെ ഞാന്‍ വിജയിച്ചൂ. തൊണ്ണൂറ്റി ഏഴു ശതമാനം മാര്‍ക്ക് വാങ്ങിയാണ് ജയിച്ചത്!പിന്നെ അല്പ നാള്‍ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ എം.എസ്.സി-ക്കു പോയി. പിന്നെ എം.സി.എ എന്‍ട്രന്‍സ് കിട്ടി. നിര്‍മലയിലെ ആദ്യ ബാച്ചില്‍ ചേര്‍ന്നു.

എം.സി.എ ജീവിതം എന്റെ പുനര്‍ജന്മം ആയിരുന്നു. വീണ്ടും വലിയ സൌഹൃദവലയം. പതിയെ പതിയെ എല്ലാവരോടും അടുത്തു. അപ്പോഴും വീട്ടുകാര്‍ക്കു തന്നെയായിരുന്നു ബദ്ധപ്പാട്. ക്ലാസ് കഴിഞ്ഞ് ഏതെങ്കിലും കൂട്ടുകാരുടെ വീട്ടിലേക്ക് പോകും! എന്നെ കാണാതെ ആധി പൂണ്ട് അവര്‍ തേരാപ്പാരാ ഫോണ്‍ ചെയ്യും. പിന്നെ അതവര്‍ക്കൊരു ശീലമായി എന്നു തൊന്നുന്നു. എനിക്ക് അന്ന് മൊബൈല്‍ ഫോണ്‍ കാണുന്നതെ ദേഷ്യമായിരുന്നു! ഒരു ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ഞാന്‍ കാഷായവും ധരിച്ച് കൂളിംഗ് ഗ്ലാസും വച്ച് ക്ലാ‍സില്‍ പോയി. എല്ലാവര്‍ക്കും ജീരക മിഠായി വിതരണം ചെയ്തു. അദ്ധ്യാപകര്‍ക്കൊക്കെ അത്ഭുതമായി എന്റെ മാറ്റം കണ്ട്.പരീക്ഷകള്‍ ഭംഗിയായീ കഴിഞ്ഞു. അധികം കാത്തിരിക്കേണ്ടി വന്നില്ല. ജോലിയും കിട്ടി. ഇപ്പോള്‍ ഓര്‍കുട്ട് സമ്മാനിച്ച സുഹൃത്തുക്കളുമായി സംവദിച്ച് ഉല്ലസിച്ചു കഴിയുന്നു.....സംഗീതവും സിനിമയും പുസ്തകങ്ങളും ഇന്നും എന്റെ കൂട്ടിനുണ്ട്.